രണ്ടാമത് ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്ക്കാരം
ശബരീഷ് സ്മാരക സ്കൂൾ വിക്കി മത്സരത്തിൽ ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂൾ ജില്ലാതലത്തിൽ രണ്ടാം തവണയും ഒന്നാം സ്ഥാനം നേടി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലുള്ള മത്സരത്തിന്റെ അവാർഡ് ദാന ചടങ്ങ് 1/7/2022, 2 മണിക്ക് നിയമസഭാ ശങ്കരനാരായണൻ തമ്പി ഹാളിൽ നിയമസഭ സ്പീക്കർ എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ച യോഗത്തിന് മുഖ്യ അതിഥി ആയിരുന്നത്, ഗതാഗത മന്ത്രി ആന്റണി രാജുവാണ്. കൈറ്റ് സി.ഇ.ഒ കെ അൻവർ സാദത്ത്, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു ഐഎഎസ്, എസ്.ഇ.ആർ.ടി ഡയറക്ടർ ആർ കെ ജയപ്രകാശ് തുടങ്ങിയവർ സന്നിഹിതരായിരുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയിൽ നിന്ന് 25000 രൂപയും, മെമെന്റോയും, പ്രശസ്തി പത്രവും സ്കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ഏറ്റുവാങ്ങി.
ലിറ്റിൽ കൈറ്റ്സിന്റെയും വിമുക്തി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ദേശീയ യുവജന ദിനമായ 2022 ജനുവരി 12ന് ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളും ലഹരി വിരുദ്ധ പ്രതിജ്ഞ ക്യാമ്പയിനും സംഘടിപ്പിച്ചു.ദേശീയ യുവദിനത്തിൽ,അദ്ധ്യാപകരും വിദ്യാർത്ഥികളും, പി.ടി.എ പ്രതിനിധികളും ലഹരി വിരുദ്ധസന്ദേശങ്ങൾ പ്രചരിപ്പിക്കുകയും, ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. കൂടാതെ ആഭ്യന്തര മന്ത്രാലയം നൽകിയ ഇ-പ്രതിജ്ഞ ലിങ്ക് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പങ്കുവെക്കുകയും, കുട്ടികളും അധ്യാപകരും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ ഡിജിറ്റൽ സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു.

Comments
Post a Comment