ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ മുൻകാലങ്ങളിൽ മികച്ച നേതൃത്വം നൽകി ഇപ്പോൾ 80 വയസ്സിന്റെ പൂർണ്ണതയിൽ എത്തിയ അദ്ധ്യാപക ശ്രേഷ്ഠരെ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണത്തോടെ ദേശീയ അദ്ധ്യാപക ദിനത്തിൽ അവരുടെ ഭവനങ്ങളിൽ എത്തി പൊന്നാടയണിയിച്ച് ആദരിച്ചു. അദ്ധ്യാപകർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുകയും പൂർവ്വ വിദ്യാർഥികൾ തങ്ങളുടെ അദ്ധ്യാപകരുടെ മാതൃകാപരമായ പ്രവർത്തനങ്ങൾ നന്ദിപൂർവ്വം സ്മരിക്കുകയും ചെയ്തു. ശ്രീമാൻമാരായ സി. കെ. വർഗീസ്, സി. പി. ഉമ്മൻ, ശ്രീമതിമാരായ അന്നമ്മ സക്കറിയ, പി. ജെ. അന്നമ്മ, സാറാമ്മ തോമസ് എന്നീ അദ്ധ്യാപക ശ്രേഷ്ഠരെയാണ് ഗുരുവന്ദനം പരിപാടിയിൽ ആദരിച്ചത്.
ലിറ്റിൽ കൈറ്റ്സിന്റെയും വിമുക്തി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ദേശീയ യുവജന ദിനമായ 2022 ജനുവരി 12ന് ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളും ലഹരി വിരുദ്ധ പ്രതിജ്ഞ ക്യാമ്പയിനും സംഘടിപ്പിച്ചു.ദേശീയ യുവദിനത്തിൽ,അദ്ധ്യാപകരും വിദ്യാർത്ഥികളും, പി.ടി.എ പ്രതിനിധികളും ലഹരി വിരുദ്ധസന്ദേശങ്ങൾ പ്രചരിപ്പിക്കുകയും, ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. കൂടാതെ ആഭ്യന്തര മന്ത്രാലയം നൽകിയ ഇ-പ്രതിജ്ഞ ലിങ്ക് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പങ്കുവെക്കുകയും, കുട്ടികളും അധ്യാപകരും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ ഡിജിറ്റൽ സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു.

Comments
Post a Comment