ആത്മീയ ഗോളത്തിലെ വെള്ളി നക്ഷത്രവും, സാമൂഹികപരിഷ്കർത്താവും, സ്കൂളിന്റെ മുൻ മാനേജറുമായ സാധു കൊച്ചുകുഞ്ഞുപദേശിയുടെ സ്മരണ നിലനിർത്തുന്നതുമായ വിശാലമായ ലൈബ്രറിയാണ് സ്കൂളിന് ഉള്ളത്. ഏഴായിരത്തിലേറെ പുസ്തകങ്ങളും ദിനപത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉള്ള ലൈബ്രറിക്ക് വിശാലമായ വായനമുറി ഉണ്ട്. വിദ്യാഭ്യാസവാർത്ത, വിനോദകായിക ചാനലുകൾ ലഭ്യമാകുന്ന ടെലിവിഷനും, വിപുലമായ ഡിജിറ്റൽ വിഭാഗങ്ങളുടെ ശേഖരവും ഇവിടെ സജ്ജമാക്കിയിരിക്കുന്നു. ഇടയാറന്മുളയിലെ പ്രശസ്തരായ സാഹിത്യകാരന്മാരുടെ ഛായാചിത്രങ്ങൾ ഈ ലൈബ്രറിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.വിദ്യാർഥികളെ വെളിച്ചത്തിലേക്കുള്ള മാർഗദീപമായി മാറ്റി വായനയുടെ പടവുകൾ ഒന്നൊന്നായി കയറി പോകുവാൻ പര്യാപ്തമാക്കുന്ന തരത്തിലുള്ള മികച്ച ഗ്രന്ഥശാല ഇവിടെയുണ്ട്. മാനവ സംസ്കൃതിയുടെ നെടും തൂണുകൾ ആണ് ഇത്തരം ഗ്രന്ഥശാലകൾ.കുട്ടികളുടെ ജന്മദിനത്തിൽ ഗ്രന്ഥശാലയിലേക്ക് സംഭാവന നൽകുന്ന പുസ്തകങ്ങൾ, മഹത് വ്യക്തികൾ നൽകുന്ന പുസ്തകങ്ങൾ തുടങ്ങിയവ അടങ്ങുന്ന പുസ്തകസമാഹരണം വായന ജ്വാല എന്നപേരിൽ നടത്തി. താല്പര്യമുള്ള കുട്ടികൾക്ക് പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുപോകുവാനും അവസരമുണ്ട്. കുട്ടികൾ വായനക്കുറിപ്പുകൾ തയ്യാറാക്കുകയും ഓരോ മാസവും മികച്ച വായനക്കുറിപ്പിന് സമ്മാനം നൽകുകയും ചെയ്തുവരുന്നു. കൂടുതൽ ആസ്വാദന കുറുപ്പ് തയ്യറാക്കിയവർക്കുള്ള അവാർഡ് വിതരണം നടത്തുന്നുണ്ട്. ഒരു വർഷത്തെ വായനാക്കുറിപ്പുകൾ സമാഹരിച്ച് ദർപണംഎന്ന പേരിൽ ഒരു കൈയെഴുത്ത് മാസിക പ്രകാശനം ചെയ്തൂ. വായനാ മാസാചരണം നടത്തുന്നുണ്ട്. കുട്ടികൾക്ക് വിവിധ മേളകളിൽ പ്രാദേശിക ചരിത്രം തയ്യാറാക്കുന്നതിനും, പ്രൊജക്ട്, സെമിനാർ തുടങ്ങിയവയ്ക്കും സഹായിക്കുന്ന വിവിധ പുസ്തകങ്ങൾ ലൈബ്രറിയിൽ ഉണ്ട്. വിവിധ സ്പോൺസർമാരുടെ സഹായത്താൽ മിക്ക ദിനപത്രങ്ങളും ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് വായിക്കുവാൻ നൽകുന്നുണ്ട്. ഇത് ഇന്നത്തെ തലമുറയിൽ വായനാശീലം വളർത്താൻ സഹായിക്കുന്നു.വായന സാധാരണ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യവുമായി സഞ്ചരിക്കുന്ന സ്കൂൾ ലൈബ്രറി എന്ന പേരിൽ കുട്ടികൾ സമീപ ഭവനങ്ങളിൾ സന്ദർശിച്ച് പുസ്തകങ്ങൾ വായിക്കുവാൻ നൽകി വരുന്നു. വളരെ മികച്ച പ്രതികരണമാണ് പൊതുജനങ്ങളിൽ നിന്നും ഇതിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.
ലിറ്റിൽ കൈറ്റ്സിന്റെയും വിമുക്തി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ദേശീയ യുവജന ദിനമായ 2022 ജനുവരി 12ന് ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളും ലഹരി വിരുദ്ധ പ്രതിജ്ഞ ക്യാമ്പയിനും സംഘടിപ്പിച്ചു.ദേശീയ യുവദിനത്തിൽ,അദ്ധ്യാപകരും വിദ്യാർത്ഥികളും, പി.ടി.എ പ്രതിനിധികളും ലഹരി വിരുദ്ധസന്ദേശങ്ങൾ പ്രചരിപ്പിക്കുകയും, ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. കൂടാതെ ആഭ്യന്തര മന്ത്രാലയം നൽകിയ ഇ-പ്രതിജ്ഞ ലിങ്ക് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പങ്കുവെക്കുകയും, കുട്ടികളും അധ്യാപകരും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ ഡിജിറ്റൽ സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു.
Comments
Post a Comment